മാർച്ച് 20 ഒരു വെറും ദിനമല്ല. ഈ ദിനത്തെ ലോക സന്തോഷ ദിനം അല്ലെങ്കിൽ അന്താരാഷ്ട്ര സന്തോഷ ദിനം എന്നൊക്കെയാണ് യുണൈറ്റഡ് നാഷൻസ് ഓർഗനൈസേഷൻ അഥവാ യുഎൻ വിളിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി 2012 ജൂലൈ 12 ലെ 66/281 നമ്പർ പ്രമേയത്തിൽ, സന്തോഷത്തിന്റെ പ്രസക്തി അംഗീകരിച്ചുകൊണ്ട് മാർച്ച് 20 അന്താരാഷ്ട്ര സന്തോഷ ദിനമായി പ്രഖ്യാപിച്ചതോടെയാണ് ഇന്ന് സന്തോഷദിനമായത്.
വിദ്യാഭ്യാസത്തിലൂടെയും പൊതുജന ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെയും സംഘടനകളും വ്യക്തികളും ഉൾപ്പെടെയുള്ള ജന സമൂഹത്തെയും സന്തോഷകരമായിരിക്കുന്നതിനായി ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്യുകയായിരുന്നു..
2011 ൽ യുഎൻ ജനറൽ അസംബ്ലി സാമ്പത്തിക അവസരങ്ങൾ പോലെ തന്നെ സന്തോഷത്തിനും മുൻഗണന നൽകുകയെന്നത് "മനുഷ്യന്റെ അടിസ്ഥാന ലക്ഷ്യം" ആക്കി ഒരു പ്രമേയം അംഗീകരിച്ചു. സന്തോഷത്തിന്റെ പ്രാധാന്യത്തിലേക്ക് വെളിച്ചം വീശുന്ന പ്രമേയം ഭൂട്ടാൻ ആണ് അവതരിപ്പിച്ചത്. 2013 ൽ, യുഎന്നിലെ എല്ലാ 193 അംഗരാജ്യങ്ങളും ലോകത്തിലെ ആദ്യത്തെ അന്താരാഷ്ട്ര സന്തോഷ ദിനം ആഘോഷിച്ചു. ഈ ദിനത്തിൽ ചെയ്യേണ്ട കാര്യങ്ങളും യുഎൻ ചൂണ്ടിക്കാട്ടുന്നുണ്ട്.
നിങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യുക.ഹാപ്പിനസ് പരിപാടികളിൽ പങ്കെടുക്കുകയും ആഘോഷിക്കുകയും ചെയ്യുക.മറ്റുള്ളവർക്ക് സന്തോഷം നൽകുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടുക.സുസ്ഥിര വികസനത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകും എന്ന് തീരുമാനിക്കുക.പ്രകൃതിയെ ആസ്വദിക്കുക
ഹെഡോണിസം ( മാനസികമായ വേദന മറക്കുകയും സന്തോഷിക്കും എന്ന് തീരുമാനിക്കുകയും ചെയ്യുന്ന മാനസികാവസ്ഥ)സ്വീകരിക്കുക.
ഇതോടൊപ്പം തന്നെ വേൾഡ് ഹാപ്പി ഇൻഡക്സ് എന്നൊരു റാങ്കിങ് പട്ടികയും ഉണ്ട്. അതിൽ ഐക്യരാഷ്ട്രസഭയിലെ 193 അംഗ രാജ്യങ്ങളും ഉൾപ്പെടുന്നില്ല എന്നൊരു പരാജയവും ഉണ്ട്. റാങ്കിങ്ങിൽ 143 രാജ്യങ്ങൾ മാത്രമാണ് ഇടം പിടിച്ചിട്ടുള്ളത്. ലോക ഒന്നാം റാങ്ക് പതിവുപോലെ ഫിൻലാൻ്റിനാണ്. രണ്ടാമത് ഡൻമാർക്കും മൂന്നാമാത് ഐസ്ലാൻ്റ്, നാലാമത് സ്വീഡനും അഞ്ചാമത് ഇസ്രയേലുമാണ്. ഇന്ത്യയുടെ സ്ഥാനം എത്രയാണെന്നറിയേണ്ടേ? 126. 2023 ൽ 125 ആയിരുന്നു. ഒരു റാങ്ക് പിന്നേയും കുറഞ്ഞ് 126 ആയി. പറയുമ്പോൾ ചില കാര്യങ്ങൾ കൂടി പറയണമല്ലോ? ചൈനയുടെ റാങ്ക് 60 ആണ്. പാക്കിസ്ഥാൻ പോലും ഇന്ത്യയെക്കാൾ മികവ് പുലർത്തി 108-ാം റാങ്കിലാണ്. നേപ്പാൾ 93-ാം റാങ്കിലുമായി നമ്മുടെ മുന്നിലാണ്. ഏറ്റവും പിന്നിൽ സ്ഥാനം പിടിച്ചിട്ടുള്ളത് അഫ്ഗാനിസ്ഥാനാണ്. റാങ്ക് 143. ലെബനോനാണ് 142-ാം റാങ്കിലുള്ളത്.
17 റാങ്ക് കൂടി കൂട്ടി അഫ്ഗാനിസ്ഥാന് ഒപ്പം 143ലേക്ക് എത്തണോ അതോ 17 റാങ്ക് കുറച്ച് പാക്കിസ്ഥാനൊപ്പം 108 ലേക്കെങ്കിലും എത്തണോ എന്ന് ചിന്തിച്ചു തുടങ്ങാൻ കാലമായി......
Today is March 20th! Isn't everyone happy?